This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍മാന്‍, റൊണാള്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍മാന്‍, റൊണാള്‍ഡ്

Colman, Ronald (1891 - 1958)

റൊണാള്‍ഡ് കോള്‍മാന്‍

ബ്രിട്ടീഷ്-അമേരിക്കന്‍ ചലച്ചിത്രനടന്‍. 1891 ഫെ. 9-ന് ഇംഗ്ളണ്ടിലെ റിച്ച്മണ്ഡില്‍ ജനിച്ചു. 16-ാം വയസ്സില്‍ അനാഥനായ കോള്‍മാന്‍ ബ്രിട്ടീഷ് സ്റ്റീംഷിപ്പ് കമ്പനിയില്‍ അഞ്ചു വര്‍ഷക്കാലം ജോലിചെയ്തു. പ്രാരംഭത്തില്‍ അമച്വര്‍ നാടകങ്ങളില്‍ മാത്രം അഭിനയിച്ച ഇദ്ദേഹം 1916-ല്‍ പ്രൊഫഷണല്‍ നാടകവേദിയിലേക്കു കടന്നുവന്നു. 1920-ല്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തു. 1923-ല്‍ നാടകവേദിയില്‍ നിന്നു 'വൈറ്റ് സിസ്റ്റര്‍' എന്ന ചലച്ചിത്രത്തിനുവേണ്ടി കോള്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ഭാവാഭിനയസമ്രാട്ടും ജനസമ്മതനുമായ ഒരു ഹോളിവുഡ് താരം ജന്മമെടുക്കുകയായിരുന്നു. പ്രശസ്ത താരമായ വില്‍മ ബാന്‍കിയോടൊത്തു 'ലേഡി വിന്‍ഡര്‍മേഴ്സ് ഫാന്‍', 'ബ്യൂജസ്റ്റെ' തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റനേകം നാടകങ്ങളിലും അഭിനയിച്ചു.

'എ ടെയില്‍ ഒഫ് ടു സിറ്റീസ്', 'ലോസ്റ്റ് ഹൊറൈസണ്‍', 'ഇഫ് ഐ വേര്‍ എ കിങ്' തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയചാതുര്യം എടുത്തുകാട്ടുന്നു. തിളക്കമാര്‍ന്ന ഭാഷണചാതുര്യവും ചൈതന്യമുള്ള കഥാപാത്രാവിഷ്കരണ ശൈലിയും ഇദ്ദേഹത്തിന്റെ വിജയത്തിന്റെ മുഖ്യ കാരണങ്ങളാണ്. 1947-ല്‍ 'എ ഡബിള്‍ ലൈഫ്' എന്ന ചിത്രത്തിലൂടെ അംഗീകാരം നേടി. 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ എയ്റ്റി ഡേയ്സ്', 'ദ സ്റ്റോറി ഒഫ് മാന്‍ കൈന്‍ഡ്' എന്നീ ചിത്രങ്ങളില്‍ 'അതിഥി നടന്‍' അയിരുന്ന ഇദ്ദേഹം ഹാള്‍സ് ഒഫ് ഐവി എന്ന ടെലിവിഷന്‍ പരമ്പരയിലും പങ്കെടുത്തു.

ഷാംപെയിന്‍ ഫോര്‍ സീസര്‍ (Champagne for Caesar) എന്ന ചിത്രത്തോടെ കോള്‍മാന്‍ അഭിനയരംഗത്തുനിന്നു വിരമിച്ചു. സാന്താബര്‍ബറായില്‍ 1958 മേയ് 19-ന് ഇദ്ദേഹം അന്തരിച്ചു. 1975-ല്‍ മകള്‍ ജൂലിയറ്റ് ബനീതാ കോള്‍മാന്‍ എ വെരി പ്രൈവറ്റ് പേഴ്സണ്‍ എന്ന പേരില്‍ കോള്‍മാന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍